തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടി റോഡിലും വെള്ളക്കെട്ടിലും കിടക്കാൻ സാധ്യതയുണ്ട്.
അതിരാവിലെ പത്രവിതരണത്തിനും റബ്ബർ ടാപ്പിംഗിനും മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിനടുത്തേക്ക് പോകരുത്. ആരെങ്കിലും പോകാൻ അനുവദിക്കരുത്. കെ.എസ്.ഇ.ബി ജീവനക്കാർ എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം.


ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. ഓര്‍ക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912-ല്‍ വിളിച്ചോ, 9496001912 എന്ന നമ്പരില്‍ കോള്‍ / വാട്‌സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്. കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
KSEB warns the public to be vigilant to avoid electrical accidents during strong winds and rain